ലോക്ക് ഡൌൺ വിരസതമാറ്റാൻ വൈകുന്നേരമായപ്പോൾ ഉണ്ടകായ തിന്നാൻ ഒരാഗ്രഹം.
ഉണ്ടക്കായ ഇതിനു പല സ്ഥലത്തും പല പേരാണ് ബോണ്ട കായുണ്ട അങ്ങനെ അങ്ങനെ.. പക്ഷെ കണ്ണൂരിൽ ഇത് നമ്മുടെ സ്വന്തം ഉണ്ടക്കായ.
കുറച്ചു ഗോതമ്പും പഴവും കുഴച്ചു ശകലം മൈദയും ചേർത്ത മാവു എണ്ണയിലേയ്ക് ഇട്ടപോളേയ്ക്ക്,
ഓർമകളുടെ പഴയ കുട്ടികാലത്തേയ്ക് ഉണ്ടകായ നുരഞ്ഞു പൊന്താൻ തുടങ്ങി.
അമ്മയുടെവീട്ടിൽ നിൽക്കുന്ന കാലം അന്നു ഞാൻ മൂന്നിലും അനിയൻ ഒന്നിലും ആണെന്ന് തോനുന്നു . രാവിലെ ആയാൽ പാലും കൊണ്ട് കുഞ്ഞിരാമേട്ടന്റെ കടയിൽ എത്തിക്കാൻ ഞാനും അനിയനും മത്സരമാണ് , കുഞ്ഞിരാമേട്ടന്റെ കടയിലെ മൊരിഞ്ഞ ഉണ്ടകായ് ആണ്
അമ്മമ്മയുടെ കൈക്കൂലി.
ഒന്നിടവിട്ട ദിവസങ്ങൾ ഞങ്ങൾ രണ്ടാളും ആ കൈക്കൂലി പറ്റാറുണ്ട്.
ആരുടെ ഊഴമാണോ അന്ന്, അയാൾ രാവിലെ എണീറ്റ് പല്ലൊക്കെ തേച്ചു റെഡി ആയി അങ്ങനെ നിൽക്കും .
എണീറ്റപാടെ കോലായിൽ ഓടി എത്തിയാൽ തൊഴുത്തിൽ പശുനെ കറക്കുന്ന അച്ചാച്ഛനെയും അമ്മമേയും കാണാം.
പയ്യിനോടും കിടാവിനോടും പായാരം പറഞ്ഞു. കിടാവിനു കുറച്ചു പാല് കൊടുത്തു വശത്താക്കി,ബാക്കി കറന്നെടുക്കും.
"കുറച്ചു നിന്റെ കുട്ടിക്കും കുറച്ചു നമ്മക്ക് ചായക്കും പിന്നെ ഇവരിക്ക് ഉണ്ടകായ തിന്നാനും മാത്രേ ഉള്ളു നീ തരുന്നത് "
എന്ന് അമ്മമ്മ പയ്യോട് പരാതി കേൾക്കാൻ നല്ല രസാണ് .
എടാ പല്ലു തേചാന്നുള്ള അമ്മയുടെ അടുക്കളേന്നുള്ള വിളി കേട്ടപാടെ ,
ഉമിക്കരിയും എടുത്ത് തലങ്ങും വിലങ്ങും ഒരു പ്രയോഗം.
പിന്നെ അമ്മാമ തരുന്ന പാലും പത്രവും പിടിചു ഒരറ്റ നടത്താണ് .
നടക്കുന്നെന്റെ ഇടയിലു കാലിൽ ഇറ്റ് വീഴുന്ന പാല് കൈകൊണ്ട് തുടച്ചു, അതൊന്നു മണത്തു നോക്കും .
"ഏഹ്... എന്തൊരു ഉളുമ്പ് മാറ്റമാണീ പാലിന് ഇതെങ്ങനെയാണാവോ ചൂടാകാണ്ടു ഈ ന്ന് കുടിക്കുന്നു"
അതൊക്കെ ആലോജിച്ചു കുന്നുംപുറത്തു എത്തുമ്പോളേക് മൂത്തയുടെ പതിവ് ചോദ്യം വരും
"നീ ഇനിയും പോയിലെ..??"
അവരുടെ പയ്യിനെയൊക്കെ കറന്നു, മൂത്തപ്പൻ ഒരു ബീഡിയും വല്യച്ച ചിരി പാസ്സാക്കും.
അങ്ങനെ അങ്ങനെ നടന്നു റബ്ബർ തോട്ടത്തിന്റെ അടുത്തെത്തുമ്പോ, ബസ്സിന്റെ ഒച്ച കേൾക്കാം
"കൃഷ്ണ ബസാവും ഡ്രൈവർ ശശിയേട്ടൻ ,എന്നും സ്കൂളിലെ ഉച്ചകഞ്ഞിക്കു വിടുമ്പോ പിള്ളേരുടെ ഒരു സഭ ബസ്സിന്റെ അടുത്തേക് ഓടും,
അത് കാണുമ്പോ ശശിയേട്ടൻ നീട്ടിയൊരു ഹോണടിക്കും. അതെന്നും നമ്മുടെയൊരു ദിനചര്യയായിരുന്നു.
"ഒന്ന് വേഗം വാടാ ചെക്കാ എത്ര ആൾകാര നിന്നേം കാത്തു ചായ കുടിക്കാൻ നില്കുന്നു"
എന്ന ചോദ്യം കേൾക്കുമ്പോ കുഞ്ഞിരാമേട്ടന്റെ കടയെത്തി എന്ന് ബോധം വരും.
പാലും പാത്രം ഗമയിൽ കൊടുത്തു എല്ലാരേം നോക്കുന്ന കൂട്ടത്തിൽ, ഒളികണ്ണിട്ട് ചില്ലും കൂട്ടിൽ പാത്തും പതുങ്ങി ഉണ്ടകായ ആയില്ലെന്നു നോക്കും.
നല്ല മൊരിഞ്ഞ ഉണ്ടകായ അടുക്കി വെച്ചിരിയ്ക്കുന്നു.
ഒരെണ്ണം പൊതിഞ്ഞു പാലും പത്രവും നീട്ടി കുഞ്ഞിരാമേട്ടന്റെ ചോദ്യമുണ്ട് ,
"ഓനു കൊടുക്കലുണ്ട അതോ നീ മാത്രാ തിന്നലു"
ആ ചോദ്യം തീരുമ്പോളേക്കു ഞാൻ ഓടി സയിത്തേട്ടന്റെ വളവ് കഴിഞ്ഞിട്ടുണ്ടാകും.
പിന്നെ ഉണ്ടക്കായി തിന്നു തീരുന്ന പോലെ ഓട്ടത്തിന്റെ വേഗം കൂടിയും കുറഞ്ഞുമിരിക്കും.
പഴമൊക്കെ ചേർത്ത് പഞ്ഞി പോലെ, ഉള്ളിലൊക്കെ വെന്തു.പുറമെ നല്ല മുരു മുരുത്ത ഉണ്ടക്കായ.
അമ്മയുടെ വീടും കുഞരാമേട്ടന്റെ കടയും ഒക്കെ ദൂരത്തായതിൽ പിന്നീടിതുവരെ , ഇത്രയും സ്വാദോടെ ഉണ്ടകായ തിന്നിട്ടില്ല .
"കരിഞ്ഞു പോകും അതൊന്നു തിരിച്ചു ഇട് "
എന്ന അമ്മയുടെ ചോദ്യം കേട്ടു നോക്കുമ്പോളാണ്
നമ്മുടെ ഉണ്ടകായ തിന്നാൻ പാകമായി നില്കുന്നു...
ഇങ്ങനെ എത്രയെത്ര പരീക്ഷണങ്ങളാണ്
പഴയ ഓർമകളുടെ രുചിയും തേടി നടത്തിയിട്ടുള്ളത്
പക്ഷെ ഒന്നിനുപോലും ആ പഴയ രുചി കിട്ടാറില്ല ..