Monday, May 25, 2020

ദേഷ്യം

ഭ്രാന്ത് പൂക്കുന്ന നേരങ്ങളിൽ,
എന്റെ ശിഖരങ്ങൾ
കാറ്റിനോടെന്ന പോലെ
നിന്നോട് കയർക്കാറുണ്ട്.
കാറും കോളുമൊഴിയുന്ന
വസന്തകാലത്ത് നാമെന്തിന്,
കഴിഞ്ഞുപോയ വേനലിന്റെ
നഷ്ടങ്ങളെയോർത്ത്,
ഇലപൊഴിക്കണം..!

സർപ്പദോഷം

കിണറിന്റെ ആഴത്തെ ഭയന്ന്
മുകളിലായി അവളൊരു കമ്പി വേലി കെട്ടി,
ഗ്യാസ് അടുപ്പിന്റെ ചൂടിനെ ഭയന്ന്,
അവളൊരു ഇൻഡക്ഷൻ സ്റ്റൗ വാങ്ങിച്ചു.
സിലിംഗ് ഫാനിന്റെ ഉയരത്തെ പേടിച്ചൊരു,
പെടസ്റ്റൽ ഫാൻ ഏർപ്പാടാക്കി.
വിഷമേറിയ പാമ്പിൽ നിന്ന്
രക്ഷക്കായ് വീട്ടിൽ ഒരു പറ്റം
കീരികളെ വളർത്തണം,
ഇനിയും പേടി കൂടാതെ ഉറങ്ങാനവൾ,
എന്തൊക്കെ ഒരുക്കണം.!

Sunday, April 26, 2020

ഉണ്ടക്കായ

ലോക്ക് ഡൌൺ വിരസതമാറ്റാൻ വൈകുന്നേരമായപ്പോൾ ഉണ്ടകായ തിന്നാൻ ഒരാഗ്രഹം.
ഉണ്ടക്കായ ഇതിനു പല സ്ഥലത്തും പല പേരാണ് ബോണ്ട കായുണ്ട അങ്ങനെ അങ്ങനെ.. പക്ഷെ കണ്ണൂരിൽ ഇത് നമ്മുടെ സ്വന്തം ഉണ്ടക്കായ.
കുറച്ചു ഗോതമ്പും പഴവും കുഴച്ചു ശകലം മൈദയും ചേർത്ത മാവു എണ്ണയിലേയ്ക് ഇട്ടപോളേയ്ക്ക്,
ഓർമകളുടെ പഴയ കുട്ടികാലത്തേയ്ക് ഉണ്ടകായ നുരഞ്ഞു പൊന്താൻ തുടങ്ങി.

അമ്മയുടെവീട്ടിൽ നിൽക്കുന്ന കാലം അന്നു ഞാൻ മൂന്നിലും അനിയൻ ഒന്നിലും ആണെന്ന് തോനുന്നു . രാവിലെ ആയാൽ പാലും കൊണ്ട് കുഞ്ഞിരാമേട്ടന്റെ കടയിൽ എത്തിക്കാൻ ഞാനും അനിയനും മത്സരമാണ് , കുഞ്ഞിരാമേട്ടന്റെ കടയിലെ മൊരിഞ്ഞ ഉണ്ടകായ്  ആണ്
അമ്മമ്മയുടെ കൈക്കൂലി.
ഒന്നിടവിട്ട ദിവസങ്ങൾ ഞങ്ങൾ രണ്ടാളും ആ കൈക്കൂലി പറ്റാറുണ്ട്.
ആരുടെ ഊഴമാണോ അന്ന്, അയാൾ രാവിലെ എണീറ്റ് പല്ലൊക്കെ തേച്ചു റെഡി ആയി അങ്ങനെ നിൽക്കും .

എണീറ്റപാടെ കോലായിൽ ഓടി എത്തിയാൽ തൊഴുത്തിൽ പശുനെ കറക്കുന്ന അച്ചാച്ഛനെയും അമ്മമേയും കാണാം.
പയ്യിനോടും കിടാവിനോടും പായാരം പറഞ്ഞു. കിടാവിനു കുറച്ചു പാല് കൊടുത്തു വശത്താക്കി,ബാക്കി കറന്നെടുക്കും.
"കുറച്ചു നിന്റെ കുട്ടിക്കും കുറച്ചു നമ്മക്ക് ചായക്കും പിന്നെ ഇവരിക്ക് ഉണ്ടകായ തിന്നാനും മാത്രേ ഉള്ളു നീ തരുന്നത് "
എന്ന് അമ്മമ്മ പയ്യോട് പരാതി  കേൾക്കാൻ നല്ല രസാണ് .

എടാ പല്ലു തേചാന്നുള്ള അമ്മയുടെ അടുക്കളേന്നുള്ള  വിളി കേട്ടപാടെ ,
ഉമിക്കരിയും എടുത്ത് തലങ്ങും വിലങ്ങും ഒരു പ്രയോഗം.
പിന്നെ അമ്മാമ തരുന്ന പാലും പത്രവും പിടിചു ഒരറ്റ നടത്താണ് .
നടക്കുന്നെന്റെ ഇടയിലു കാലിൽ ഇറ്റ് വീഴുന്ന പാല് കൈകൊണ്ട് തുടച്ചു, അതൊന്നു മണത്തു നോക്കും .
"ഏഹ്... എന്തൊരു ഉളുമ്പ് മാറ്റമാണീ പാലിന് ഇതെങ്ങനെയാണാവോ ചൂടാകാണ്ടു ഈ ന്ന്  കുടിക്കുന്നു"
അതൊക്കെ ആലോജിച്ചു കുന്നുംപുറത്തു എത്തുമ്പോളേക്  മൂത്തയുടെ പതിവ് ചോദ്യം വരും
"നീ ഇനിയും പോയിലെ..??"
അവരുടെ പയ്യിനെയൊക്കെ കറന്നു, മൂത്തപ്പൻ  ഒരു ബീഡിയും വല്യച്ച ചിരി പാസ്സാക്കും.

അങ്ങനെ  അങ്ങനെ നടന്നു റബ്ബർ തോട്ടത്തിന്റെ അടുത്തെത്തുമ്പോ, ബസ്സിന്റെ ഒച്ച കേൾക്കാം
"കൃഷ്ണ ബസാവും ഡ്രൈവർ ശശിയേട്ടൻ ,എന്നും സ്കൂളിലെ ഉച്ചകഞ്ഞിക്കു വിടുമ്പോ പിള്ളേരുടെ ഒരു സഭ ബസ്സിന്റെ അടുത്തേക് ഓടും,
 അത് കാണുമ്പോ ശശിയേട്ടൻ നീട്ടിയൊരു ഹോണടിക്കും. അതെന്നും  നമ്മുടെയൊരു ദിനചര്യയായിരുന്നു.
"ഒന്ന് വേഗം വാടാ ചെക്കാ എത്ര ആൾകാര നിന്നേം കാത്തു ചായ കുടിക്കാൻ നില്കുന്നു"
എന്ന ചോദ്യം കേൾക്കുമ്പോ കുഞ്ഞിരാമേട്ടന്റെ കടയെത്തി എന്ന് ബോധം വരും.

പാലും പാത്രം ഗമയിൽ കൊടുത്തു എല്ലാരേം നോക്കുന്ന കൂട്ടത്തിൽ, ഒളികണ്ണിട്ട് ചില്ലും കൂട്ടിൽ പാത്തും പതുങ്ങി ഉണ്ടകായ ആയില്ലെന്നു നോക്കും.
 നല്ല മൊരിഞ്ഞ ഉണ്ടകായ അടുക്കി വെച്ചിരിയ്ക്കുന്നു.
ഒരെണ്ണം പൊതിഞ്ഞു പാലും പത്രവും നീട്ടി കുഞ്ഞിരാമേട്ടന്റെ ചോദ്യമുണ്ട് ,
"ഓനു കൊടുക്കലുണ്ട അതോ നീ മാത്രാ തിന്നലു"

ആ ചോദ്യം തീരുമ്പോളേക്കു ഞാൻ ഓടി സയിത്തേട്ടന്റെ വളവ് കഴിഞ്ഞിട്ടുണ്ടാകും.
പിന്നെ ഉണ്ടക്കായി തിന്നു തീരുന്ന പോലെ ഓട്ടത്തിന്റെ വേഗം കൂടിയും കുറഞ്ഞുമിരിക്കും.
പഴമൊക്കെ ചേർത്ത് പഞ്ഞി പോലെ, ഉള്ളിലൊക്കെ വെന്തു.പുറമെ നല്ല മുരു മുരുത്ത ഉണ്ടക്കായ.

അമ്മയുടെ വീടും കുഞരാമേട്ടന്റെ കടയും ഒക്കെ ദൂരത്തായതിൽ പിന്നീടിതുവരെ , ഇത്രയും സ്വാദോടെ ഉണ്ടകായ തിന്നിട്ടില്ല .

"കരിഞ്ഞു പോകും അതൊന്നു തിരിച്ചു ഇട് "

എന്ന അമ്മയുടെ  ചോദ്യം കേട്ടു നോക്കുമ്പോളാണ്
നമ്മുടെ ഉണ്ടകായ തിന്നാൻ പാകമായി നില്കുന്നു...
ഇങ്ങനെ എത്രയെത്ര പരീക്ഷണങ്ങളാണ്
പഴയ  ഓർമകളുടെ രുചിയും തേടി നടത്തിയിട്ടുള്ളത്

 പക്ഷെ ഒന്നിനുപോലും ആ പഴയ രുചി കിട്ടാറില്ല ..


Sunday, April 12, 2020

കിളിക്കൂടു

ഇറയത്തെ കോലായിൽ,
തുറന്നു വച്ചൊരു കിളിക്കൂടുണ്ട്.
താമസക്കാരി ഒരു ഒറ്റ മൈന.

ഇടയ്ക്കിടെ ഞാൻ പോകുന്നു,
എന്ന പതിവ് പല്ലവി കേൾക്കുന്നതിനാൽ
കൂടെന്നും തുറന്നാണ് വെയ്ക്കാറ്.

എവിടെയൊക്കെയോ പാറി പറന്ന്
പതിവ് തെറ്റാതെ തിരിച്ച് വരുമെന്ന്
അറിയാവുന്ന ഞാൻ,
കൂടിന്റെയോരത്ത്
എന്നും ഭക്ഷണപൊതി കരുതാറുണ്ട്.

Monday, November 18, 2019

പലതരക്കാര്‍

ബ്രോയിലർ കോഴികൾ അങ്ങനെയാണ്
ഇറച്ചി വെട്ടുകാരന്റെ വരവു കണ്ടാലും 
കുതറി ഓടാതെ
അനുസരണയോടെ അറവു കത്തിയ്ക്ക്
തലനീട്ടി കൊടുക്കും.
നാടൻ കോഴികൾ മറിച്ചാണ്
അപകടത്തിന്റെ ആഴമറിഞ്ഞ്,
 ഉച്ചത്തിൽ കൊക്കിച്ചും വകഞ്ഞു മാറിയും 
അവസാന ശ്വാസം വരെ
 പ്രതിരോധം തീർക്കും.
സമരങ്ങൾ കണ്ട നാടിന്റെ ,
ഓരം പറ്റി ജീവിച്ച 
നാടൻകോഴികൾ അങ്ങനെ ആവാതെ
 തരമില്ലല്ലോ.!!!

Wednesday, December 5, 2018

വേർപിരിഞ്ഞവർ

ഒന്നിച്ചൊരു ഉറവയായി ഉയിർത്തതാണ്.
ഒഴുകിയൊരേ ദൂരം,
ഇരുപുഴകളായ് തീരും വരെ നാം.
ഇടയ്ക്കെവിടയോ വറ്റിവരണ്ട
ജലപുറ്റുകൾ.
കടലെന്ന സ്വപ്നം മുറിഞ്ഞ
പാതിയുറക്കങ്ങൾ നമ്മൾ.

Monday, September 26, 2016

കതിര്‍

നനവ്‌ വറ്റിയ പുസ്‌തക പാടങ്ങളില്‍
എന്റെ കൈവിരല്‍ തുമ്പ് കെട്ടിയ 
മഷി നുഗങ്ങള്‍ ഉഴുതു മറികാറുണ്ട്,
കവിതകളുടെ കതിര്‍മണി തേടിയെത്താറുള്ള
 നിന്റെതത്ത കള്‍ക്കു വേണ്ടി...

Thursday, November 6, 2014

ന്യൂ ജനറേഷൻ

തലയിണയ്ക്കരികിലെ മൊബൈൽ ഫോണിൽ
അലാറം വിളിച്ചുണർത്തിയപ്പോൾ,
അയാൾ കമ്പ്യൂട്ടർ മുറിയിലേയ്ക്ക് നടന്നു.
ഇന്ന് മകളുടെ പിറന്നാളാണ്..

" പ്രിയപ്പെട്ട മകള്ക്ക്
അച്ഛന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ"
 ഫേസ് ബുക്കിൽ വക്കുകൾ കോറിയിട്ടു,
 നാളെ   സുഹൃത്തുക്കൾ നല്കുന്ന
ലൈക്കും കമ്മെന്റ്നുകളും ഓർത്ത്‌ മുറിയിലേയ്ക്ക്
നടകുമ്പോൾ തലയിണക്കരികിൽ മൊബൈൽ വീണ്ടും ചിലച്ചു...
"one like your status.. "

തൊട്ടപുറത്ത്  മുറിയിൽ  വിളിപ്പാടകലെ
മൊബൈലിൻറെ അരണ്ട വെളിച്ചത്തിൽ മകളും...

Monday, July 14, 2014

ഒരു മഴ തുള്ളി വീണ്  പൊള്ളിയ
കൈവെള്ളയിലെ മുറിവുണങ്ങാൻ
ഒരിറ്റു കണ്ണുനീർ വേണം.
നെറുകയിൽ ചുണ്ടു ചേർക്കുമ്പോൾ
നിറഞ്ഞൊഴുകുന്ന കണ്ണുകളെ
തേടാനിനിവയ്യ , ഈ മുറിവുണങ്ങാതിരിക്കട്ടെ..

Wednesday, January 1, 2014

വഴിയോര കാഴ്ചകൾ

തിരക്കേറിയ നടപ്പാതയ്ക്കിരുപുറവും
 മരുന്ന്  കടയും ചുറ്റമ്പലവും.
ശ്രീകോവിലിൻറെ ഇരുട്ടു മുറിയിലെ
ഈശ്വരനും, മരുന്ന്  കടയിലെ
ചില്ലുകൂട്ടിലിൽ വെളിച്ചത്തായി
പുഞ്ചിരിക്കുന്ന ദൈവത്തിനും
ഒരേ മുഖം..
നിറപറയും നിലവിളക്കും
നല്കി ആയുരാരോഗ്യത്തിനു
മുട്ടുകുത്തികേഴും കുറെപേർ,
കടയിലെ കണ്ണാടിക്കൂട്ടിൽ
നോക്കി കച്ചവടത്തിൻറെ
ലാഭം കൂടാൻ കേഴുന്ന
ഭിക്ഷാം ദേഹിയായി കടക്കാരനും.
പ്രാർത്ഥനകൾ മുറികിവന്നപോൾ
പാതിയുറക്കത്തിൽ
നിന്നുണർന്നു  ദൈവം,
പതുക്കെ പുതപ്പിനടിയിൽ
കണ്ണിറുക്കിയടച്ചു
വീണ്ടും ഉറക്കമായി..

Thursday, September 26, 2013

പൊങ്കാല

തെരുവിൽ മുഖരിതമായ
മുദ്രവാക്യങ്ങളിൽ പെട്ട്
യാത്ര നിലച്ച
യാത്രികൻ പിറു പിറുത്തു,
കഷ്ട്ടമിതെന്തു നാശം...
പൊങ്കാലയടുപ്പിൽ
പുകയുയരു മതേതെരുവിൽ
മറുദിനം കൈകൂപ്പി
തൊഴുമായാത്രികൻ
യാത്ര മറന്നു പോയികാണണം...

Wednesday, June 26, 2013

പരിപ്പ് വടയും കട്ടൻചായയും

ചൂടാറുംമുൻപീ കട്ടൻചായ
ഊതിയൂതി കുടിക്കണം ,
പരിപ്പ് വടയിൽ 

പാതി വെന്തുകരിഞ്ഞ
മുളകിൻ കഷ്ണം, 

ഒന്നറിയാതെ കടിച്ചു 
കണ്ണു നിറയണം..
അതിന്റെ സുഖമൊന്നും,
നിങ്ങൾക്കു പറഞ്ഞാൽ മന
സിലാവില്ല...

Wednesday, October 31, 2012

പുസ്തകവും പേനയും

പുസ്തകമിപ്പോഴും
വരികള്‍ക്കിടയില്‍ അക്ഷരങ്ങള്‍
എഴുതിചേര്‍ത്തു കടന്നുപോയ
പേനയെ
ഓര്‍ത്തെടുത്തു
നെടുവീര്‍പ്പിടുന്നത് കാണാം.
പേനയെന്നും .. പലനിറങ്ങളില്‍
മഷി നിറച്ചു, ഒരുപാട്
പുസ്തകങ്ങളെ തേടുന്ന
വേശ്യയായിരിന്നു..

Thursday, September 20, 2012

മുഖത്തു ചായം തേച്ച് കിടപ്പറയില്‍
നിഴല്‍രൂപങ്ങള്‍ പരസ്പരം
സംസാരിച്ചു..
വശ്യതയുടെ വീര്‍പുമുട്ടലുകളില്‍,
ഭൂതകാലങ്ങള്‍ ശവ പറമ്പിലെന്നപോല്‍
എരിഞ്ഞടങ്ങി..
കത്തി വേഷം കെട്ടിയവര്‍
പകല്‍ വെളിച്ചങ്ങളില്‍
കൃഷ്ണനും രാധയുമായി..

Tuesday, July 10, 2012

എളുപ്പവഴി

ഒരു കറക്കി കുത്ത്  നടത്തണം
പഠിച്ചതും അറിഞ്ഞതും മറന്നു
തുടങ്ങുമ്പോള്‍, ഒരു കണ്ണിറുക്കി അടച്ചു..
മറ്റേകണ്ണാരും കാണാതെ തുറന്നു.
സ്വയം പറ്റിച്ചു
ജീവിതം തിരഞ്ഞെടുക്കാന്‍ എളുപ്പവഴി..
കൈവെള്ള നിവര്‍ത്തിവെച്ച്
കൂര്‍ത്തോരായുധം കൊണ്ട്
ഈ വരയും കുറിയും മായ്ച്ചു കളഞ്ഞാല്‍
കൈനോട്ടക്കാരനെയും പറ്റിക്കാം...
ഒടുവിലെല്ലാം  പിഴച്ചു പോയാല്‍
പഴിക്കാന്‍ വിധിയുണ്ടല്ലോ..

Monday, April 30, 2012

ഒപ്പം ചേര്‍ന്ന്  നടക്കുന്നതു-
കണ്ടപ്പോള്‍ സംശയത്തോടെ
അവന്‍ ചോദിച്ചു
നിനക്ക് പുസ്തകങ്ങളെ ഇഷ്ടമാണോ?
അവള്‍ പതുക്കെ പറഞ്ഞു
അതെ..
നക്ഷത്രങ്ങളെ?
അതെ..
നാട്ടിന്‍പുറത്തെ
തെച്ചിയെയും, കാറ്റാടി മരങ്ങളെയും ?
അതെ.. അതെ..
എന്നെ?
ദൂരം ഒരുപാടായല്ലോ..
അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
പെട്ടെന്ന് എങ്ങു നിന്നോ
ഒരു വാഹനം എതിരെ
കടന്നു പോയി,
കൈ വീശിയെറിഞ്ഞു
ഒപ്പം അവളും.
പൊടിയും പുകയും ചേര്‍ന്ന
ആ ഒറ്റ തെരുവില്‍ നിന്ന്
അകലെയാവുന്ന വാഹനത്തെ
നോക്കി അവന്‍ ഉറക്കെ
വിളിച്ചു ചോദിച്ചു..
നിനക്ക് പുസ്തകങ്ങളെ
ഇഷ്ടമായിരുന്നോ?
അല്ല..
 നക്ഷത്രങ്ങളെ?
അല്ല..
നാട്ടിന്‍പുറത്തെ
തെച്ചിയെയും, കാറ്റാടി മരങ്ങളെയും ?
അല്ല.. അല്ല..
ഒരു ചോദ്യം ചിരിയിലൊതുക്കി 
അവന്‍ യാത്ര തുടര്‍ന്നു..

Thursday, February 2, 2012

നിള

ഈ അപ്പൂപ്പന്  ഒന്നും അറിയില്ല...
നിള എന്നത്
സ്കൂളീന്ന്  ടൂറു പോയപ്പോ കണ്ട
മാനം  മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന
ഒരു കോണ്‍ക്രീറ്റ്
കെട്ടിടത്തിന്റെ പേരാണപ്പൂപ്പാ..

Wednesday, December 7, 2011

വിശക്കുന്നവന്റെ കവിത

കീറിയെറിഞ്ഞ
ഒരു കടലാസ്
തുണ്ട് ...
വയറു 
ശ്യൂനമായ
അഗതിക്ക്
കവിതയുടെ
അര്‍ഥം
അറിയാം
വിശപ്പ്‌..

Friday, December 2, 2011

വിരുന്നുകാരൊക്കെ
പോയിത്തുടങ്ങി..
ആള്‍ക്കൂട്ടമില്ലാത്ത
സത്രത്തില്‍,
അഴിഞ്ഞു തൂങ്ങിയ
അലങ്കാരങ്ങള്‍ കൊണ്ട്
ഓര്‍മ്മകള്‍
ആരാച്ചാരെപ്പോലെ
കഴുത്തിലേയ്ക്കു,
കയര്‍ ചുറ്റി മുറുക്കുന്നു..
അബോധമായ സ്വപ്‌നങ്ങള്‍
ചക്രവ്യൂഹത്തില്‍ ഒറ്റപെട്ട 
അഭുമാന്യുവിനെ ഓര്‍മിപ്പിച്ചു.
ശിഘണ്ടിയെപോലെ
ജീവിതം സ്ത്രൈണതയുടെ
വേഷം കെട്ടി യുദ്ധഭൂമിയില്‍.
ഇരുണ്ടുതുടങ്ങിയ
മേഘങ്ങളില്‍
ഒരു മഴ  മൗനം വെടിയാന്‍
കാത്തു നില്‍ക്കുന്നു.
വെയിലിനപ്പോഴും
ച്ചുട്ടുപ്പൊള്ളിക്കാനാണിഷ്ടം..