Wednesday, December 7, 2011

വിശക്കുന്നവന്റെ കവിത

കീറിയെറിഞ്ഞ
ഒരു കടലാസ്
തുണ്ട് ...
വയറു 
ശ്യൂനമായ
അഗതിക്ക്
കവിതയുടെ
അര്‍ഥം
അറിയാം
വിശപ്പ്‌..

Friday, December 2, 2011

വിരുന്നുകാരൊക്കെ
പോയിത്തുടങ്ങി..
ആള്‍ക്കൂട്ടമില്ലാത്ത
സത്രത്തില്‍,
അഴിഞ്ഞു തൂങ്ങിയ
അലങ്കാരങ്ങള്‍ കൊണ്ട്
ഓര്‍മ്മകള്‍
ആരാച്ചാരെപ്പോലെ
കഴുത്തിലേയ്ക്കു,
കയര്‍ ചുറ്റി മുറുക്കുന്നു..
അബോധമായ സ്വപ്‌നങ്ങള്‍
ചക്രവ്യൂഹത്തില്‍ ഒറ്റപെട്ട 
അഭുമാന്യുവിനെ ഓര്‍മിപ്പിച്ചു.
ശിഘണ്ടിയെപോലെ
ജീവിതം സ്ത്രൈണതയുടെ
വേഷം കെട്ടി യുദ്ധഭൂമിയില്‍.
ഇരുണ്ടുതുടങ്ങിയ
മേഘങ്ങളില്‍
ഒരു മഴ  മൗനം വെടിയാന്‍
കാത്തു നില്‍ക്കുന്നു.
വെയിലിനപ്പോഴും
ച്ചുട്ടുപ്പൊള്ളിക്കാനാണിഷ്ടം..

Monday, November 21, 2011

പുതിയ ജീനുകള്‍

ഇന്നലെ,  അവധിദിനത്തിന്റെ
അലോസരപെടുത്തുന്ന
ഒരാള്‍ക്കൂട്ടത്തിനിടയില്‍
അറിയാതൊന്നു പെട്ടുപോയി.
നാഗരികതയുടെ പട്ടുമെത്തയില്‍
നേരമ്പോക്കിനു തൂലിക
തിരയുന്ന ചിലര്‍,
കാണിയും കഥാപാത്രവുമായി
ഒപ്പം  ഞാനും.
ഭോജന ശാലയുടെ
തണുത്തുറഞ്ഞ
മുറികളില്‍
വിഭവങ്ങള്‍ക്കൊടുവിലെ
മധുരം നുകര്‍ന്ന് ,
പുറംലോകത്തിന്റെ
പട്ടിണിയും 
ഫലസ്തീനിന്റെ പാതിവ്രത്യവും
പുലമ്പുന്ന
സര്‍ഗസൃഷ്ടിയുടെ
പുതിയ ജീനുകള്‍,
ഒപ്പംഭിക്ഷാംദേഹിയെപ്പോലെ
ഞാനും.
എല്ലാംക്കഴിഞൊടുവില്‍ 
ഒരു നേരത്തെയന്നത്തിന്റെ
നന്ദിയും നല്‍കി
നടന്നു നീങ്ങുമ്പോള്‍,
നാട്ടിന്‍പുറത്ത്‌
വായനശാലയുടെ
ചുവരുകളില്‍
അക്ഷരങ്ങള്‍
അലക്ഷ്യമായി
കോറിയിടാറുള്ളോരു
സുഹൃത്തിനെ ഓര്‍മ്മ വന്നു.
പരിഷ്ക്കാരത്തിന്റെ വൃത്തവും
പുതിയ ലോകത്തിന്റെ
ലഗുവും  ഗുരുവും 
വേര്‍തിരിക്കാനറിയാതെ,
വിയര്‍പ്പിന്റെ വില
വരികളിലൂന്നി, 
ചുവരിന്റെ വെളുത്ത
വിസ്മ്രിതികളിലേയ്ക്ക്
ജീവിതം എഴുതിച്ചേര്‍ക്കുന്ന
നിഷ്കളങ്കനായ
സുഹൃത്ത് ...
അവനെയെനിക്ക്

കവിയെന്നു വിളിക്കാം. 


  
   
 
 

Wednesday, July 20, 2011

മുഖംമൂടി

മുഖം മിനുക്കി
ക്യാമറയ്ക് മുന്നിലിരുന്നപ്പോളാണ്
മുഖം മൂടിയെക്കുറിചോര്‍ത്തത്.
മുറിയുടെ അഴുക്കു പെട്ടിയിലെ കണ്ണാടി കൂട്ടില്‍
എന്റെ പഴയ മുഖം.
പരിചയക്കാര്‍ക്കൊക്കെ ഞാന്‍ എന്നാല്‍
എന്റെ മുഖംമൂടിയാണ്.
എന്നെ തിരിച്ചറിഞ്ഞവള്‍ ഇന്നലെ
യാത്ര ചോദിക്കാന്‍ വന്നിരുന്നു 
ഓര്‍മിക്കരുതെന്ന്  പറഞ്ഞിട്ടും
ഓര്‍ത്തെടുക്കാന്‍ ഒരു തെളിവുവേണമവള്‍ക്ക് 
അതിനു വേണ്ടി ഒരു ഫോട്ടോ..?
മുഖവും   മുഖംമൂടിയും  പരിചയം പോലും
കാണിക്കാതെ കണ്ണാടിയില്‍
മാറി മാറി വന്നുപോയി.
ഒടുവില്‍ എനിക്ക് എന്നെ തിരിച്ചറിയാന്‍
വയ്യെന്നായി..
പഴകിയ ഭിത്തിയുടെ ചുവരില്‍
എന്നെ കുറിച്ച്  പറഞ്ഞുത്തന്ന
വാക്കുകള്‍ ഓര്‍ത്തെടുത്തു
ഒരുചിത്രം വരച്ചു..
മുഖത്തിനും മുഖംമൂടിക്കും 
ഒരു സാമ്യവുമില്ലാത്ത ചിത്രം..
ഇതായിരുന്നു ഞാനെന്നു
എന്നിക്ക് പറഞ്ഞു തരാന്‍
ഇതില്‍ കൂടുതല്‍ ഒരു വഴി
അവള്‍ക്കു മുന്നില്‍
ഇല്ലാതിരുന്നിരിക്കണം..

Saturday, April 9, 2011

ചാവേര്‍ ..

നഗരത്തിന്‍റെ ഇലക്ട്രിക്‌ കുരുക്കില്‍
ഒരു കാകന്‍ ചാവേറിനെപോലേ പൊട്ടിത്തെറിച്ചു
 ഇങ്ങു ദൂരെ അവകാശികളില്ലാതെ
ഒരുരുള ബലിച്ചോറിപ്പോഴും
കര്‍ക്കിട സന്ധ്യകളിലെ മഴയില്‍ കുതിര്‍ന്നും
എരിവേനലില്‍ ഉണങ്ങിക്കരിഞ്ഞും അനാഥമാകുന്നു..


Friday, March 11, 2011

ഇവള്‍ .. ഗ്രീഷ്മ രാത്രികളില്‍ ഗന്ധര്‍വനെ പ്രണയിച്ചവള്‍
നിലാവുമായുമ്പോള്‍ ഇരുട്ടിന്‍റെ ഭണ്ടാരപ്പെട്ടിയില്‍
ദൈവങ്ങളെ കിടത്തി ഉറക്കി
സ്വപ്നങ്ങള്‍ക്കു കാവല്‍നിന്നവള്‍ .
ഇന്നലെ പകലിനോട് യാത്രപറഞ്ഞു
ഗംഗയെ നെറുകയിലെ സിന്ധൂരംകൊണ്ട്  ചുവപ്പിച്ചു
സായന്തനത്തെ വെല്ലുവിളിച്ചവള്‍ ,
ഒടുവില്‍ ത്രിസന്ധ്യയിലീ തുളസിത്തറയില്‍
തലച്ചേര്‍ത്തുവെച്ച്
ധീരമായി കൊലചെയ്യപെട്ടവള്‍ ....

Friday, March 4, 2011

കവിസുഹൃത്നു...

പ്രണയത്തിന്‍റെ ഇടുങ്ങിയ ഊഷരതകളെ വിട്ടു
പ്രപഞ്ചത്തിന്‍റെ വിറങ്ങലിച്ച വിസ്മൃതികളിലേയ്ക്ക്‌ നടക്കുക
അവിടെ കുടിനീരുവറ്റി വിണ്ടുകീറിയ വിധര്‍ഭയുണ്ട്,
കൃഷ്ണമണികളില്‍ വിഷം ലഹരിയായി കിനിയുന്ന വൈപ്പിനും,
നിറങ്ങള്‍ ദൈവത്തെ വേര്‍തിരിച്ച വടോധരയുമുണ്ട് ..
വംശമേതന്നറിയാതെ വംശഹത്യയില്‍
വയറുപിളര്‍ന്നു പുറത്തേയ്ക്ക്‌ എറിഞ്ഞ ഭ്രൂണത്തിന്‍റെ
ഭയാനകമായ നിലവിളികളില്‍ മഷി തണുത്തുറയാത്ത നിന്‍റെ
 തൂലികയും നിര്‍ഭയമായ ഇടം കണ്ടെത്തണം...

Thursday, February 24, 2011

ക‍വി

തണുത്ത ഒരു പുലര്‍കാലത്ത് നാലുംകൂടിയ തെരുവില്‍ ട്രാഫിക്‌  റാന്തലിനെ അനുസരിച്ച്
എന്‍റെ ഇരുചക്രവാഹനം ഇടതുവശതേയ്ക് വഴിമാറിയപോള്‍ തൊട്ടടുത്ത് ഒവുചാലില്‍ ഒരു വൃദ്ധശരീരം
മുഖംതിരിച്ചു യാത്രതുടരവേ ഓര്‍മയില്‍ ആ ജഡത്തിനു മുന്‍പ്‌ എങ്ങോ വായിച്ചു മറന്ന പുസ്തകത്തിനുപുറത്തെ
കവിരൂപത്തിന്‍റെ അതേ മുഖച്ചായ... വിപിന്‍കേള്

Monday, January 17, 2011

ഉറക്കം

പകുതി മുറിഞ്ഞു പോകുന്ന  സ്വപ്നങ്ങളിലാണ്‌  എന്നും എന്‍റെ ഉറക്കം അവസാനിക്കുന്നത്.
ഒരു സ്വപ്നമെങ്കിലും പൂര്‍ണമാവാന്‍ , ഉണരാത്ത ഒരുറക്കത്തില്‍ ശ്വാസം നിലച്ചിരുന്നെങ്കില്‍ ...
അത്രമേല്‍ എന്‍റെ സ്വപ്നങ്ങളെ എനിക്കിഷ്ടമാവുന്നു....